Monday, October 7, 2013

തനിയാവർത്തനങ്ങൾ ......



പൊക്കിൾക്കൊടി മുറിച്ച് ചോരക്കുഞ്ഞിനെ നൽകി 
മുഖം ചുളിച്ചു പതിച്ചി പറഞ്ഞുഇതും "പെണ്ണ്"
ഭ്രൂണമായിരുന്നപ്പോൾ കൊല്ലാതിരുന്നതിനു 
അമ്മയ്ക്കും അച്ഛനും അന്ന് നന്ദി ചൊല്ലി 

നൂലുകെട്ടിനു നല്ലനേരം നോക്കി ജ്യോത്സ്യൻ 
പറഞ്ഞു പെണ്ണിന് ഇരുപത്തി ഒൻപതാം നാൾ 
ചോറൂ ണിനും കണ്ടു ഇതേ വേർതിരിവ്
ആണിന് അഞ്ചെങ്കിൽ പെണ്ണിന് ആറാം മാസം

ഓർമ്മ വച്ച നാൾ മുതൽ കേട്ടു വളർന്നു
ഇവൾ അന്യഗേഹത്തിൽ പോകേണ്ട ''പെണ്ണ് ''
കൗമാര പ്രായത്തിൽ പിന്നെയും നിയമങ്ങൾ
വേണ്ട കളിക്കൂട്ടുകാരനോട് ഏറെ ചങ്ങാത്തം

പിന്നെ ഒരുനാൾ വന്നെത്തി ആ സുദിനവും
താലികെട്ടി വേരോടെ മാറ്റി നട്ടു മറ്റൊരു മണ്ണിൽ
അവിടെയും കേൾക്കണമേറെ വിശേഷണങ്ങൾ
കാല ദോഷങ്ങൾ പുതുപ്പെണ്ണിൻ ജാതകദോഷം

കാലമെത്ര പുരോഗമിച്ചാലും മാറിയെന്നു മനുഷ്യൻ
വീമ്പു പറഞ്ഞാലും മാറുകില്ല പെണ്ണിനു നിയമങ്ങൾ
അന്നും ഇന്നും ഇനി നാളെയും കാണാം
മാറ്റങ്ങൾ ഇല്ലാത്ത ഈ തനിയാവർത്തനങ്ങൾ .....