Thursday, June 9, 2011

ഒരു നേര്‍കാഴ്ച

ഒരിടവേളക്കുശേഷം പോസ്റ്റ്‌ ചെയ്യുന്നതില്‍  ഒരു പുതുമ വേണമെന്ന് ആഗ്രഹിച്ചിരുന്നു.എന്നാല്‍ നിത്യേന കണ്ടുകൊണ്ടിരിക്കുന്ന ഈ കാഴ്ചകള്‍ മനസ്സിനെ വല്ലാതെ അലട്ടുന്നു ......

രണ്ടു മൂന്നു മാസങ്ങളായി നമ്മുടെ കൊച്ചുകേരളത്തില്‍ സുരക്ഷപാളിച്ചകള്‍ കൊണ്ട്  കൊല്ലപെട്ട അന്യസംസ്ഥാന തൊഴിലാളികള്‍  നിരവധിയാണ് ...കേരളത്തെ ഒരു കൊച്ചു ഗള്‍ഫ്‌ ആയി കരുതി അന്നത്തിനു വക കണ്ടെത്തുന്നവര്‍......

ഈ ഫോട്ടോകള്‍ എന്‍റെ മൊബൈലില്‍ പകര്തിയവയാണ് ......നല്ല ക്ലാരിട്ടി ഇല്ലെന്ന് എനിക്ക് അറിയാം ...എങ്കിലും ഒന്ന് കണ്ടു നോക്കൂ ....
 
പതിനൊന്നാം നിലയിലാണ് പുള്ളിയുടെ നില്‍പ്പ്


ഇത് നോക്കൂ ..പുള്ളിക്കാരന്‍ മൊബൈലില്‍ സംസാരിക്കുകയാണ്Thursday, March 10, 2011

അമ്മക്കൊരശ്രു ബിന്ദു


അമ്മയെ ദേവിയായി  കണ്ടു നമ്മള്‍
ഭൂമീ ദേവിയെ അമ്മയായും നമിച്ചു 
അമ്മ തന്‍ കരങ്ങള്‍ പിടിച്ചു നമ്മള്‍
പൂഴിയില്‍ വീഴാതെ പിച്ചവച്ചു ......

ആ നെഞ്ചിന്റെ ചൂടും ലാളനയും
കൊതി തീരുവോളംപകര്‍ന്നു തന്നു 
പൊള്ളുന്ന ചൂടിലും മഴയിലും നമ്മളെ
കാക്കുവാന്‍ മുടികള്‍ തന്‍ തണലു തന്നു.......
കണ്ണാരം പൊത്തി ക്കളിക്കുവാനായി
അവള്‍ ഉടയാട മറയായി നീട്ടി തന്നു.....
 
 
ചുടുപാല്‍ ചുരത്തിയ  മാറിടങ്ങള്‍
നാം തന്നെ ഛേദിച്ചു മാറ്റിടുമ്പോള്‍ 
ആ  അമ്മതന്‍ നിമ്നോന്നതങ്ങളില്‍
യന്ത്രങ്ങള്‍ കയറ്റി ഇറക്കിടുമ്പോള്‍
കേശമാം  മരങ്ങള്‍ നാം പിഴുതെടുത്ത്‌
സിമന്റു  കൊട്ടാരങ്ങള്‍ ഉയര്ത്തിടുമ്പോള്‍  
അവളുടെ കൈകളാം  പുഴകളെ നാം
അഴുക്കു ചാലാക്കി മാറ്റിടുമ്പോള്‍

അമ്മതന്‍  മൃദുലമാം  മേനിയില്‍ നാം
വിഷ പുകകള്‍ കൊണ്ടു തലോടിടുമ്പോള്‍
ഉടയാടയാകുന്ന  പച്ചനെല്‍പ്പാടങ്ങള്‍
അവളറിയാതെ മണ്ണില്‍ പൂഴ്ത്തിടുമ്പോള്‍ 

അമ്മ തന്‍ കണ്ണുനീര്‍  കാണാതെ നാം
ചില്ലു കൊട്ടാരത്തില്‍  മയങ്ങിടുന്നു..........

ആ കരങ്ങള്‍  ഇനി ദാഹജലം തരില്ല.......
മാറിടങ്ങള്‍  ചുടുപാല്‍ ച്ചുരത്തുകില്ല.....
ഇളം തലമുറകള്‍ക്ക്  തണലേകിടാന്‍
കൂന്തല്‍ തന്‍ കുട അവള്‍ നിവര്ത്തുകില്ല....

മക്കള്‍ നാം ചെയ്തൊരീ അപരാധങ്ങള്‍ 
ക്ഷമിക്കുവാന്‍ അമ്മ തുനിയുമെന്നും 
അമ്മ തന്‍ അശ്രു ബിന്ദുക്കളില്‍ നാം 
ഈ പാപക്കറകള്‍ കഴുകുമെന്നും 
എല്ലാം അറിയുന്നു നാമെങ്കിലും ........
എന്തേ മൗനം ഭജിപ്പൂ നമ്മള്‍

കണ്ണിന്റെ മൂടുപടം മാറ്റിടുവാന്‍ ..... 
വൈകുന്ന ഓരോരോ വേളയിലും    
അലയാഴിതന്‍ അഗാധതയില്‍ അമ്മയും
ഈ മക്കളും അലിയും ദിനങ്ങള്‍  വിദൂരമല്ല

Friday, March 4, 2011

എന്റെ ഇന്നലെകളിലൂടെ ....

എന്റെ കുട്ടിക്കാലം .....ഒരുപാട് ഓര്‍മ്മകള്‍ ..........ഉള്ള ........നല്ലകാലം
ഞങ്ങള്‍ടെ കുസൃതികള്‍ ...വാശികള്‍ ...കൂട്ടുകാര്‍ ...അങ്ങിനെ ഒരുപാട് ,
ഇനി ഒരിക്കലും തിരികെ ക്കിട്ടാത്ത........അവയില്‍ത്തന്നെ വേദനിപ്പിക്കുന്ന,
പിന്നെ കുടുകുടെ ചിരിപ്പിക്കുന്ന ,എന്നും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന   ...ഓര്‍മ്മകള്‍
അതില്‍ , എനിക്കേറ്റവും ഇഷ്ട്ടമുള്ള.....രസകരമായി എനിക്ക് തോന്നിയ ഒന്ന് ഞാന്‍ എഴുതുകയാണ് ..........

അമ്മയും പപ്പയും പിന്നെ ഞങ്ങള്‍ മൂന്നു കുട്ടികളും അടങ്ങുന്ന സന്തുഷ്ട  കുടുംബം.
വീട്ടില്‍ ഞങ്ങള്‍ ഏറ്റവും  പേടിക്കുന്ന വ്യക്തി പപ്പാ ആയിരുന്നു ..
കാരണം, എന്ത് കുസൃതി ഞങ്ങള്‍ കാട്ടിയാലും അമ്മയുടെ വക 'അടിക്കു' പുറമേ
"പപ്പാ ഇങ്ങു വരട്ടെ,ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട് ..." എന്ന അമ്മയുടെ ഭീക്ഷണി എന്നുമുണ്ടാകും ....
  കുസൃതികള്‍ക്ക്  ഒട്ടും  കുറവ് ഇല്ലാത്തതിനാല്‍ 
പപ്പയുടെ വരവ് എല്ലാ ദിവസങ്ങളിലെയും  പേടിസ്വപ്നം ആയിരുന്നു  ഞങ്ങള്‍ക്ക്..
പപ്പാ വന്നു കഴിഞ്ഞതിനു ശേഷമാണ് എന്നും ഞങ്ങള്‍ കുട്ടികള്‍ ഉറങ്ങാന്‍ കിടക്കുക.
ചിലപ്പോള്‍ ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആകും വരവ്.
ഞാനും അനിയനും പഠിക്കുമ്പോള്‍ ഉറങ്ങാറില്ല.
എന്നാല്‍ അനിയത്തി നേരെ തിരിച്ചായിരുന്നു ...അവള്‍ക്കു പുസ്തകം കണ്ടാല്‍ ഉറക്കം വരും.
മിക്കവാറും, അവള്‍ പുസ്തകം തുറന്നു വച്ച് ഉറക്കം തൂങ്ങി...." കഴുത്തൊടിഞ്ഞ  കോഴി" പോലെ
കിടക്കുന്നത്  കണ്ടുകൊണ്ടായിരിക്കും പപ്പയുടെ വരവ്.
ഇത് കാണുമ്പോഴുള്ള  പപ്പയുടെ ദേഷ്യം... ഹോ ......ഇപ്പഴും ഓര്‍ക്കുമ്പോള്‍ പേടി ആകുന്നു .........പിന്നെ അടിയായി .......
അന്ന് പഠിച്ചതൊക്കെ ചോദ്യായി ....
അവളോട്‌ മാത്രല്ല ചോദിക്കുന്നത്  ,എന്നോടും അനിയനോടും ഒക്കെ  ചോദിക്കും ....അതുകൊണ്ട് തന്നെ അവള്‍ടെ ഉറക്കം
ഞങ്ങള്‍ക്കും ഒരു പാര ആയിരുന്നു.....

 അവള്‍ടെ ഈ ഉറക്കം ഒരു പതിവ് കാഴ്ച് ആയതു കൊണ്ടാവണം പപ്പയുടെദേഷ്യം മാറിമാറി വന്നു.


ഇനി തല്ലിയിട്ടും കാര്യമില്ല ....ഉറങ്ങാനുള്ളത്  എന്തായാലും അവള്‍ ഉറങ്ങും ....

പിന്നെ പിന്നെ അവള്‍  ഒന്നുമറിയാതെ പുസ്തകത്തിന്‌ മുന്നില്‍ ഇരുന്നു ഉറങ്ങുമ്പോള്‍ ഞങ്ങള്‍ എല്ലാവരും  ലൈറ്റ് ഒക്കെ ഓഫ്‌ ചെയ്തു പോയി കിടക്കും. അവള്‍ ഇതൊന്നും തന്നെ അറിഞ്ഞിട്ടുണ്ടാകില്ല .......ഏകദേശം പാതിരാത്രിയാകുമ്പോള്‍, പേടിച്ച്  അരണ്ട ശബ്ദത്തില്‍ "അമ്മാ .....അമ്മാ ........"എന്ന വിളി കേട്ട് കൊണ്ടായിരിക്കും  പിന്നെ ഞങ്ങള്‍ ഉണരുക ....
പാവം ......അപ്പോള്‍ അമ്മയുടെ വക ശകാരം ....പപ്പയുടെ ഉറക്കം കളഞ്ഞതിന്റെ ദേഷ്യം എല്ലാം കൂടി ഒരു പുകിലാണ് .....
അങ്ങനെ ഒരു കൂസലും  ഇല്ലാതെയുള്ള  ഉറക്കം അവള്‍ പൂര്‍വാധികം ഭംഗിയായി  തന്നെ നിര്‍വഹിച്ചു കൊണ്ട് പോന്നു.ഞാനും  അനിയനും അവളെ കളിയാക്കുന്ന കാര്യത്തില്‍ ഒട്ടും തന്നെ പിശുക്ക് കാട്ടിയുമില്ല .....

ഒരുദിവസം വൈകുന്നേരം മൂന്നുപേരും പഠിക്കുകയാണ്  ....അവള്‍ ആരെയോ തോല്പിക്കനെന്ന  പോലെ  ഉച്ചത്തില്‍  വായിക്കുന്നു .
അനിയന്‍ അതിനേക്കാള്‍ ഉച്ചത്തില്‍ .......ഇതിനിടയില്‍ ഞാന്‍ .......
എന്തോ...പതിവ് തെറ്റിച്ച്,  ഉറക്കം അവളില്‍ പോകാതെ,  എന്റെ കണ്ണുകളിലേക്കു
പതിയെ പതിയെ വരുന്നത് ഞാന്‍ അറിഞ്ഞു..
.

അന്ന് പഠിച്ചു കൊണ്ടിരുന്നത്  മലയാളം ആയിരുന്നു .അതില്‍' ബലിപെരുന്നാള്‍' നെ  കുറിച്ചും ഇബ്രാഹിമിന്റെ ,ദാനശീലത്തെ  കുറിച്ചും ഒക്കെ ആണ്  വിവരിക്കുന്നത്.
വിവാഹശേഷം ഒരുപാട്‌ കാത്തിരിപ്പിന് ശേഷം അല്ലാഹുവിന്റെ കൃപയാല്‍ അവര്‍ക്ക് ഒരു  മകനെ കിട്ടി.എന്നാല്‍ ഒരു ദിവസം ഇബ്രാഹിമിനെ പരീക്ഷിക്കാന്‍ തീരുമാനിച്ച ദൈവം അവന്റെ മകനെ ബലിയായി തനിക്കു നല്‍കണമെന്ന് അശരീരി  ആയി ഇബ്രാഹിമിനോട് പറയുന്നു ......
ഇതുകേട്ട് ഇബ്രാഹിം മകനെ ബാലികൊടുക്കാനായി,ഭാര്യയോടു പറയാതെ കൊണ്ടുപോകുന്നു .മകനെ കണ്ണീരോടെ  ബലിക്കല്ലില്‍ കിടത്തി വെള്ളമുണ്ട് കൊണ്ട് മൂടി .മൂര്‍ച്ചയുള്ള വാള്‍ കൊണ്ട്  ശക്തിയായി അവന്റെ കഴുത്തിനെ ലക്ഷ്യമാക്കി വെട്ടി .......എന്നിട്ട്   തന്റെ കുഞ്ഞിന്റെ മുഖം അവസാനമായി ഒന്ന് കാണാനായി ആ മുണ്ടുപൊക്കി നോക്കുന്നതാണ്  രംഗം.
(മാന്യ വായനക്കാര്‍ ഇനി വരുന്ന ഭാഗങ്ങള്‍ വായിക്കുമ്പോള്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ ആദ്യമേ ഇത്രയും പറഞ്ഞു എന്നെ ഉള്ളൂ).
ഈ ഭാഗം വായിക്കുമ്പോഴാണ് ഉറക്കം  ഒരു കള്ളനെ പോലെ എന്റെ കണ്ണില്‍ വന്നത്.
ഞാന്‍ ഉറക്കം തൂങ്ങി വായിക്കുകയാണ് ......
'ഇബ്രാഹിം മുണ്ട് പൊക്കി നോക്കിയപ്പോള്‍'....ഒടിഞ്ഞുതൂങ്ങിയ   കഴുത്ത്  നേരെ വച്ച് വീണ്ടും വായിച്ചു .'ഇബ്രാഹിം മുണ്ടുപൊക്കി  നോക്കിയപ്പോള്‍'!!!!..........'ഇബ്രാഹിം മുണ്ട് പൊക്കി നോക്കിയപ്പോള്‍ '!!!!....
ഇതും കേട്ടുകൊണ്ടായിരുന്നു പപ്പയുടെ എന്‍ട്രി... ഞാന്‍ ബാക്കി ഒട്ടു വായിക്കുന്നുമില്ല ....പപ്പക്ക് ഞാന്‍ എന്തോ അശ്ലീലം വായിക്കുകയാണെന്ന് തോന്നി ...കുറ്റം പറയ്യാന്‍ പറ്റില്ല. ആര്‍ക്കാണെങ്കിലും  തോന്നും ....കഥാസാരം പപ്പക്ക് അറിയില്ലല്ലോ. 
"ഡീ" ........എന്നുള്ള പപ്പയുടെ വിളിയില്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു ......ചാടി എണീറ്റ്‌ നിന്നു...എല്ലാവരും എന്റെ ചുറ്റും ഉണ്ട് ......‌ എന്താ അവിടെ സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.....പപ്പയുടെ കണ്ണുകള്‍ ചുവന്നു ഉരുണ്ടിരിക്കുന്നു ........അനിയന്റെ കണ്ണില്‍ സഹതാപം..... അനിയത്തീടെ കണ്ണില്‍ എന്താരുന്നു ആ ഭാവം ....അറീല്ല ......ഞാന്‍ പേടിച്ചു വിറച്ചു നില്‍ക്കുകയാണ് ....പപ്പാ  ചെയ്യാന്‍ പോകുന്ന അടുത്ത കാര്യം എന്താണെന്ന് ഊഹിക്കാം .....വടി എടുക്കാന്‍ അമ്മയോട് പറയും ....പിന്നെ ഒരു പൂരമായിരിക്കും ......
പക്ഷെ .. എല്ലാവരും പ്രതീക്ഷിച്ചപോലെ ഒന്നും ഉണ്ടായില്ല .....പപ്പാ വന്നു എന്റെ കയ്യില്‍ നിന്നും പുസ്തകം വാങ്ങി വായിച്ചു .അതുവരെ ഗൌരവം വിടാതെ നിന്ന പപ്പയുടെ മുഖഭാവം മാറിമാറി വരുന്നത് ഞാന്‍ ശ്രദ്ധിച്ചു ...പപ്പാ ചിരിക്കുകയാണ് ....  അവിടെ  ചിരിയുടെ മാലപ്പടക്കമായിരുന്നു പിന്നീടുണ്ടായത് .........അപ്പോഴും കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല .....ഒടുവില്‍ പപ്പാ തന്നെ അത് പറഞ്ഞു .....എന്റെ മുഖഭാവം എന്തായിരുന്നു എന്ന്   മാന്യ വായനക്കാര്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ .......ഹിഹിഹി ......

ഒറ്റ ദിവസത്തെ ഉറക്കം എനിക്ക് സമ്മാനിച്ചത്  എന്റെ കുട്ടിക്കാലത്തെ ഏറ്റവും  നല്ല ഓര്‍മ്മയാണ് .......ഇപ്പോഴും ഞങ്ങള്‍ടെ ഒത്തുചേരലില്‍ എപ്പോഴെങ്കിലും  ഈ വിഷയം പറഞ്ഞു ചിരിക്കാത്ത ദിവസങ്ങള്‍ വിരളമാണ് .......ഇത് പോലെ എത്രയെത്ര കുസൃതികള്‍ .......കിട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കില്‍  എന്ന് ചിലപ്പോഴെങ്കിലും ആശിച്ചു പോകുന്നു .........

.

Wednesday, March 2, 2011

ഞാന്‍........


സംഗീതമാം  മഹാസാഗരത്തില്‍ മുങ്ങിത്താഴുവാനാശിച്ചു
അതിനുള്ളിലെ കാഴ്ചകള്‍ കാണുവാന്‍  മോഹിച്ചു
മുത്തോപവിഴാമോ ആയിടാന്‍   ആശിച്ചതില്ല  ഞാന്‍ 
കേവലമൊരു പരല്‍മീനായിടാന്‍ മനംതുടിച്ചു 

ഈണം എന്നുടയാടയാക്കാന്‍ താളമെന്‍ പാദസരമാക്കാന്‍  
ലയമെന്‍ കാമുകനാകാന്‍ രാഗമെന്‍ അന്തരാത്മാവാകാന്‍
മകരമഞ്ഞുപോലെ വസന്തത്തിലെ പൂമഴപോലെ
നൈമിഷികമെങ്കിലും ഒരുവേള ഞാന്‍ കൊതിച്ചു

ജീവിതമെന്ന വേലിക്കുള്ളില്‍ എന്റെമോഹങ്ങള്‍
എന്റെ സ്വപ്‌നങ്ങള്‍ ബന്ധിക്കപ്പെട്ടു .......
എന്റെ സങ്കല്പങ്ങള്‍ എന്നില്‍ നിന്നകന്നുപോയി ....
എല്ലാം ഒരുമാത്ര ഞാന്‍ തിരിച്ചറിഞ്ഞു ....

ആതുരസേവനമെന്ന ഓമന പേരിട്ടു  മാലോകര്‍ ....

"നേഴ്സ്" എന്ന് ഉലകം വിളിപ്പെരിട്ടു
വെള്ളക്കുപ്പായത്തില്‍ നീറുന്ന മനസ്സുമായി
ഞാനും അവരില്‍ ഒരാളായി ഞാന്‍ ഞാനല്ലാതെ ആയി

സഹനത്തിന്റെ തീഷ്ണമാ ഉഷ്ണത്തില്‍ വെന്നീരായവര്‍
ജീവിതം മറന്നു കറവ പശുക്കളായവര്‍ ചിലര്‍

നിറം മങ്ങിയ സ്വപ്നങ്ങളുമായും ചിലര്‍
ജന്മം നല്‍കിയവര്‍ തന്‍ ആശ നിറവേറ്റാന്‍ ചിലര്‍

ഉറ്റവര്‍ക്ക്‌ തുണയാകിടാന്‍ ജീവിതഭാരം ചുമക്കുമ്പോള്‍
ചെറു പുഞ്ചിരി ചുണ്ടില്‍ സൂക്ഷിക്കുന്നവര്‍ ചിലര്‍
എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ......
ഞാനും അവരില്‍ ഒരാളായി.......
പേരിടാത്ത നിറക്കൂട്ടാല്‍   ചായം കൊടുത്തു...
അറിയാവുന്ന നിറങ്ങളാല്‍ ഞാന്‍ മോഹനമാക്കി ........